Monday, January 16, 2012

സമരത്തിനും അവധി..!

സാധാരണ അവധി ദിനങ്ങളേക്കാൾ കൂടുതൽ പ്രഖ്യാപിത അവധി ദിനങ്ങളുള്ള രാജ്യമാണ് നൈജീരിയ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് ഏതെങ്കിലും പബ്ലിക് അവധി ദിനം ഞായറാഴ്ച ആയിപ്പോയി എന്നിരിക്കട്ടെ, തിങ്കളാഴ്ചയും പറ്റുമെങ്കിൽ ചൊവ്വാഴ്ചയും പ്രഖ്യാപിത അവധി ആയിരിക്കും. ഇനി ഗവണ്മെന്റ് അവധി ദിനം കൂടിയായ ശനിയാഴ്ച ആണ് അവധിയെങ്കിലും തിങ്കളാഴ്ച അവധി ആയിരിക്കും; മിക്കവാറും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആരും പണിക്കുണ്ടാവില്ല. ഇതിനു പ്രാദേശികമെന്നോ ദേശീയമെന്നോ ഉള്ള പക്ഷാഭേദമൊന്നുമില്ല തന്നെ.

കഴിഞ്ഞ തിങ്കളാഴ്ചമുതൽ തുടങ്ങി ശക്തി പ്രാപിച്ചു വന്ന ഇന്ധന വിലകയറ്റ സമരത്തിനും ശനിയും ഞായറും അവധി പ്രഖ്യാപിച്ചു കളഞ്ഞു യൂണിയനും സർക്കാരും ചേർന്ന്. 'Re-Stock' എന്നൊരു പ്രയോഗവും; അതായത് സമരക്കാർക്കും അല്ലാത്തവർക്കും നിത്യജീവിതത്തിനുള്ള സാധന സാമഗ്രികൾ വാങ്ങി 'സ്റ്റോക്ക്' ചെയ്യാണുള്ള ഒരു ഇടവേള. ഇത്ര ജനകീയമായൊരു സമരം മറ്റെവിടെ കാണാനാകും എന്നാണു ചിന്തിക്കുന്നതെങ്കിൽ തെറ്റി; ശനിയും ഞായറും ഒരു പണിയും ചെയ്യാതിരിക്കുന്നത് ഇവിടുത്തുകാരുടെ ശീലമാണ്, അതിനി ഒരു സമരം കൊണ്ടൊന്നും മാറാൻ പോകുന്നില്ല.

പലരും കരുതിയത് പോലെ, രണ്ട് ദിവസത്തെ അവധിയിലൂടെ സമരത്തിന്റെ ആവേശം കുറയുമെന്നാണ്, എവിടെ, ഇന്ന് മുതൽ പൂർവ്വാധികം ശക്തിയോടെ സമരം തുടരുകയാണത്രേ. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകളൊക്കെ പരാജയപ്പെട്ടു; പക്ഷേ പ്രസിഡന്റിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് മാസ്സ് റാലികളും പൊതുയോഗങ്ങളും മറ്റും ഒഴിവാക്കാൻ തൊഴിലാളി യൂണിയനുകൾ തയ്യാറായിട്ടുണ്ട്. ഇത്തരത്തിലുള്ള പൊതുജന പ്രക്ഷോഭ പരിപാടികൾ തീവ്രവാദികളും മറ്റും 'ഹൈ ജാക്ക് ' ചെയ്തേക്കാമെന്ന മുന്നറിയിപ്പ് യൂണിയനുകൾ സ്വീകരിക്കുകയാണുണ്ടായത്; ഇത് തീർച്ചയായും പ്രശംസനീയമായൊരു തീരുമാനം തന്നെയാണ്. അതു പോലെ തന്നെ പൂർണ്ണമായ 'ഓയിൽ ഷട്ട് ഡൗൺ' ൽ നിന്നും ആ മേഖലയിലെ തൊഴിലാളികളും താത്കാലികമായി പിന്മാറിയിരിക്കുകയാണ്.

രണ്ട് ദിനം സമരം നിറുത്തിവച്ചതിലൂടെ ആശ്വാസമായത് രാജ്യത്തിന്റെ പലഭാഗങ്ങളിൽ കുടുങ്ങി പോയ യാത്രക്കാർക്കാണ്; വിദേശികളും സ്വദേശികളുമുൾപ്പെടെ നിരവധിപേർ സ്വന്ത സ്ഥലങ്ങളിലേക്ക് എത്തിപെടാനായി. വിമാനത്താവളങ്ങളും മറ്റും സാധാരണ നിലയിൽ ( യാത്രക്കാരുടെ തിരക്ക് ഉണ്ടായെങ്കിലും) പ്രവർത്തിച്ചത് അനേകം പേർക്ക് ആശ്വാസമായി.

ഇന്ന് വീണ്ട് 'ക്ലോസ്ഡ് ഡോർ' ചർച്ചകൾ നടക്കുകയാണ്; മിക്കവാറും ഇന്ന് തന്നെ സമരത്തിനു തിരശീല വീഴുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്; എല്ലാഭാഗത്ത് നിന്നും ഗവണ്മെന്റിനു മേൽ സമ്മർദ്ദം ഉണ്ടാകുന്നതും യൂണിയനുകൾ കടുംപിടുത്തങ്ങൾ ഒഴിവാക്കി സമരത്തെ ജനകീയമാക്കാൻ ശ്രമിക്കുന്നതും മറ്റും അതിനുള്ള തെളിവായിട്ടാണ് അവലോകനം ചെയ്യപെടുന്നത്.

Wednesday, January 11, 2012

തൊഴിലാളി സമരവും മറ്റ്‌ ചിലതും..!

ന്ധന വില കയറ്റത്തിനെതിരെയുള്ള തൊഴിലാളി സമരം ഒരു വശത്ത്‌ ശക്തിപ്രാപിക്കുന്നു, മറുവശത്ത്‌ ബോക്കോ ഹറമെന്ന തീവ്രവാദ സംഘടന സ്ഫോടന പരമ്പരകളിലൂടെയും വെടിവെയ്പ്പിലൂടെയും നിരവധി സാധാ മനുഷ്യരെ കൊന്നൊടുക്കുന്നു..2012 പ്രസിഡന്റ്‌ ഗുഡ്ലക്ക്‌ ജോനഥന്‌ 'ബാഡ്‌ ലക്ക്‌' ആയേക്കുമോ എന്നാണ്‌ നൈജീരിയൻ ജനത ഇപ്പോൾ ഉറ്റുനോക്കുന്നത്‌.

മിക്കപ്രദേശങ്ങളിലേയും ഗവൺമന്റ്‌ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും കഴിഞ്ഞ നാലു ദിവസമായി അടഞ്ഞ്‌ കിടക്കുകയാണ്‌. സ്വകാര്യ സ്ഥാപനങ്ങൾ നാമമാത്രമായി പ്രവർത്തിക്കുന്നുണ്ട്‌. എയർപ്പോർട്ടുകൾ അന്താരാഷ്ട്ര സർവ്വീസുകൾക്കായി ഭാഗികമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും വിമാനങ്ങൾ പലതും റദ്ദാക്കിയിരിക്കുകയാണ്‌; പ്രത്യേകിച്ച്‌ യൂറോപ്യൻ സെക്റ്റർ. ഖത്തർ,എമിറേറ്റ്സ്‌ എയർലൈനുകൾ ഒന്നിടവിട്ട ദിവസങ്ങളില്‍ സർവ്വീസ്‌ നടത്തുന്നുണ്ടെങ്കിലും മിക്കവരും ആഭ്യന്തര സർവ്വീസുകൾ ഇല്ലാത്തതിനാൽ മറ്റിടങ്ങളിലേക്ക് പോകാനാവാതെ ലാഗോസിൽ (പഴയ തലസ്ഥാനം, ഇപ്പോഴത്തെ വാണിജ്യ കേന്ദ്രം - സമരം കൊടുമ്പിരി കൊള്ളുന്നതും ഇവിടെയാണ്‌) കുടുങ്ങിപോയിരിക്കുന്നു.

വമ്പിച്ച റാലികളും, സമ്മേളനങ്ങളുമായി ജന സമുദ്രമാകുകയാണ്‌ ലാഗോസ്‌ തെരുവുകൾ എന്നാണ്‌ അറിയുന്നത്‌; അക്രമങ്ങളിലും പോലീസ്‌ ഇടപെടലിലും മരണപെട്ടവർ 10 ല്‍ താഴെയെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളുവെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ഇത്‌ വർദ്ധിക്കാനാണിട. ടയറുകൾ കത്തിച്ചും മറ്റും മാർഗ്ഗതടസ്സമുണ്ടാക്കുന്ന ജനകൂട്ടത്തെ പിരിച്ച്‌ വിടാന്‍ പലയിടത്തും പോലീസ്‌ വെടിവെയ്പ്പ്‌ നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്‌. പ്രസിഡന്റ് ജോനഥനെ അനുകൂലിക്കുന്ന പി.ഡി.പി. ഭരണ സംസ്ഥാനങ്ങളിലേക്ക് കൂടി സമരം വരും ദിനങ്ങളിൽ വ്യാപിക്കാനാണിട.

ഞങ്ങൾ പ്രവർത്തിക്കുന്ന ഒന്നേ പോർട്ട്‌ (ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓയിൽ ആൻഡ്‌ ഗ്യാസ്‌ ഫ്രീസോൺ പോർട്ട്‌ ആണിത്‌) തുറന്ന് പ്രവർത്തിക്കുന്നുവെന്ന് അവകാശപെടുന്നുവെങ്കിലും സ്വദേശികളായ തൊഴിലാളികൾ തീരെയില്ലന്ന് വേണം പറയാൻ. റിഗ്ഗുകളിലേക്കും മറ്റും സർവ്വീസ്‌ നടത്തുന്ന (ആഹാര സാധനങ്ങളും മറ്റും) ചെറു കപ്പലുകൾ ഒഴിച്ചാൽ മറ്റൊരു സർവ്വീസും ഇവിടെ നടക്കുന്നില്ല. എമർജൻസി വിഭാഗങ്ങൾ പ്രവർത്തിപ്പിക്കുവാൻ തൊഴിലാളി യൂണിയനുകൾ സമ്മതിച്ചിരിക്കുന്നത്‌ തന്നെ വലിയ കാര്യമാണ്‌. ഓയിൽ മേഖല കൂടി ഇന്നുമുതൽ സമരത്തിന്റെ പരിധിയിൽ കൊണ്ടുവരുമെന്നാണ്‌ അറിയുന്നത്‌. എണ്ണയുത്പാദന മേഖലയിലെ പ്രധാന തൊഴിലാളി സംഘടനയായ PENGASSAN (PETROLEUM and Natural Gas Senior Staff Association of Nigeria) പൂർണ്ണ സ്തംഭനം സൂചിപ്പിക്കുന്ന 'റെഡ് അലർട്ട്' പുറപ്പെടുവിച്ചു കഴിഞ്ഞു.

ഇതിനിടെ ബോക്കോ ഹറം ഇന്ന്‍ ഒരു ബാറിൽ നടത്തിയ വെടിവെയ്പ്പിൽ എട്ട്‌ പേർ കൊല്ലപെട്ടിട്ടുണ്ട്‌. ക്രിസ്തുമസ്‌ ദിനത്തിൽ അബുജ (തലസ്ഥാന നഗരി) യ്ക്കടുത്ത്‌ ഒരു ക്രിസ്ത്യൻ ആരാധനാലയത്തിൽ 40 ലധികം പേരെ സ്ഫോടനത്തിൽ കൊന്നൊടുക്കിയതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നും മുസ്ലിം സമുദായക്കാരും തിരിച്ചും സ്ഥലം വിട്ടുപോകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ബോക്കോ ഹറമിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പ്രസിഡന്റെ ജോനഥന്റെ ജനസമ്മിതി പക്ഷേ ഇപ്പോഴത്തെ തൊഴിലാളി സമരത്തിൽ ഒലിച്ചുപോകുന്നതായാണ്‌ രാഷ്ട്രീയ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്‌. 60 കളിൽ ഇത്തരത്തിലുള്ള വർഗ്ഗീയ ചേരിതിരിവും ചെറു സമരങ്ങളുമാണ് ലക്ഷകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ആഭ്യന്തര യുദ്ധത്തിലേക്കും രാഷ്ട്രീയ അനിശ്ചിതത്തിലേക്കും നൈജീരിയയെ തള്ളിവിട്ടതെന്ന ചരിത്രം പലരും ചൂണ്ടികാണിക്കുന്നു. ക്രിസ്ത്യൻ മുസ്ലിം ചേരിതിരിവിലേക്ക്‌ രാഷ്ട്രത്തെ വീണ്ടും കൊണ്ടെത്തിച്ചേക്കാവുന്ന തീവ്രവാദത്തെ അടിച്ചമര്‍ത്താനും രാജ്യത്തെ സാമ്പത്തിക രാഷ്ട്രീയ അനിശ്ചിതത്തിലെക്ക് തള്ളിവിടാനിടയുള്ള ഈ സമരത്തെ കൈവിട്ട്‌ പോകും മുൻപ്‌ തടയാനും ഇന്ധന വിലവർദ്ധനയ്കിടയായ സബ്സിഡി എടുത്തുകളയൽ തീരുമാനം പുനപരിശോധിക്കാനും ഇന്നലെ ചേർന്ന സെനറ്റ്‌ പ്രസിഡന്റിനെ ഉപദേശിച്ചു കഴിഞ്ഞു.

Monday, January 09, 2012

നൈജീരിയ തൊഴിലാളി പ്രക്ഷോഭത്തിലേക്ക്..!

ശക്തമായ തൊഴിലാളി സമരത്തിന്റെ തുടക്കം കുറിച്ചിരിക്കുകയാണിന്ന് നൈജീരിയ ഒട്ടാകെ. ഇന്ധന വിലയിൽ നൽകിയിരുന്ന ഗവണ്മെന്റ് സബ്സിഡി പിൻവലിക്കലിനെ തുടർന്നുണ്ടായ ഭീമമായ വിലവർദ്ധനയാണ് പ്രധാനമായും ഇത്തരമൊരു സമരപരിപാടിക്ക് തുടക്കം കുറിക്കാൻ എൻ.എൽ.സി (NLC - Nigerian Labour Congress) , റ്റി. യു. സി (TUC - Trade Union Congress) തുടങ്ങിയ തൊഴിലാളി സംഘടനകളെ പ്രേരിപ്പിച്ചിരിക്കുന്നത്. ഡീസൽ വില 65 നൈറയിൽ (Naira - Nigerian Currency )നിന്ന് കുത്തനെ 141 ലേക്കു (ചില പ്രദേശങ്ങളിൽ 200 നു മുകളിലേക്കും) വർദ്ധിച്ചിരിക്കുന്നത് കുറച്ചൊന്നുമല്ല ഇവിടുത്തെ നിത്യജീവിതത്തെ ബാധിക്കാൻ പോകുന്നത്; പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരായ സാധാരണ ജോലിക്കാർക്കിടയിൽ.

നിരവധി ചർച്ചകൾക്ക് ഗവണ്മെന്റ് കളമൊരുക്കിയെങ്കിലും ഇന്ന് തുടക്കം കുറിച്ചിരിക്കുന്ന സമരപരിപാടികളെ തടയാൻ കഴിഞ്ഞിട്ടില്ല. ലോക പെട്രോളിയം കയറ്റുമതിയിൽ ഏഴാം സ്ഥാനത്തുള്ള നൈജീരിയ പക്ഷേ താഴേ തട്ടിലുള്ള സാധാരണക്കാർക്ക് എന്ത് നൽകുന്നു എന്ന് പുറം ലോകത്തെ അറിയിക്കാനുള്ള പുറപ്പാട് കൂടിയായാണ് ഈ സമരത്തെ ഇപ്പോൾ കാണുന്നത്. പ്രധാനയിടങ്ങളിലെല്ലാം പ്രതിഷേധ പരിപാടികളും കൂറ്റൻ ജാഥകളും സംഘടിപ്പിച്ച് കൊണ്ടാണ് ആദ്യം ദിനം തുടങ്ങിയിരിക്കുന്നത് തന്നെ; പലയിടത്തും അക്രമ സംഭവങ്ങളുണ്ടായതായും ടി.വി റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുന്നു.
മിക്ക വിമാനത്താവളങ്ങളും അടച്ചുകഴിഞ്ഞു; പല ഇന്റർനാഷണൽ വിമാനകമ്പനികളും ഇന്നലെ തന്നെ യാത്ര ക്യാൻസൽ ചെയ്ത് തുടങ്ങിയിരുന്നു. പ്രാദേശിക റോഡുകളൊക്കെ ഒഴിഞ്ഞ് കിടക്കുകയാണ് ; ചരക്ക് ഗതാഗതവും സ്തംഭിച്ചിരിക്കുന്നു. വാഹനങ്ങൾ ഓടുന്നതിനെ സമരക്കാർ തടയുന്നില്ലെങ്കിലും മിക്കവരും വീടുകളിൽ തന്നെ കഴിഞ്ഞ് കൂടുന്നതായാണ് അറിയുന്നത്.

ഇന്ന് മിക്ക വിദേശ കമ്പനികളും ജീവനക്കാർക്ക് അവധി നൽകിയിരിക്കുകയാണ്; അടിയന്തിര വിഭാഗങ്ങൾ ഒഴികെ മറ്റൊന്നും ഞങ്ങളുടെ കമ്പനിയും പ്രവർത്തിപ്പിക്കുന്നില്ല. എല്ലാ വിദേശ ജീവനക്കാർക്കും ഇനി ഒരു അറിയിപ്പുണ്ടാകും വരെ ക്യാമ്പ് വിട്ട് പോകാൻ അനുവാദമില്ല. സെക്യൂരിറ്റി പ്രശ്നങ്ങൾ കാരണം ഇന്ന് ജോലിക്ക് ഹാജരായ സ്വദേശികളായ ജീവനക്കാരെയും തിരികെ വീടുകളിലേക്ക് മടക്കി അയച്ചു കഴിഞ്ഞു.