Thursday, March 26, 2015

ഇലക്ഷൻ വിശേഷങ്ങൾ വീണ്ടും..!


നൈജീരിയയിലേക്ക് വന്നിട്ടിത് മൂന്നാമത്തെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ കാലമാണ്. 2007ലേത് ഒരു പുതിയ രാജ്യത്ത് എത്തിയതിന്റെ ആകാംഷയോടെ മുന്‍പ് അറിഞ്ഞിട്ടില്ലാത്ത വിധമുള്ള ഒരു ജനാധിപത്യ പ്രക്രിയയെ നോക്കികാണുകയായിരുന്നുവെങ്കില്‍ (അന്നത്തെ ചില കുറിപ്പുകള്‍ ഇവിടെ  1  ,  2  വായിക്കാം) തുടര്‍ന്നു വന്ന 2011 ലെ ഇലക്ഷന്‍  വലിയ പ്രത്യേകതകള്‍ ഒന്നും കൂടാതെ കടന്നു പോകുകയും ചെയ്തു. പക്ഷെ ഇത്തവണ തിരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് 'ബോക്കോ ഹറം ' എന്നൊരു  തീവ്ര മതമൗലികവാദ ഗ്രൂപ്പിന്റെ നിഗൂഡസാന്നിദ്ധ്യം കൂടിയാകുമ്പോള്‍ വളരെയധികം ആശങ്കകള്‍ പടരുന്നുണ്ട്.

2007 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രസിഡന്റ് പദമേറിയ ഉമാറു യാര്‍ദുവയുടെ മരണത്തെ തുടർന്നുണ്ടായ ഒഴിവില്‍ 2010 ല്‍ പ്രസിഡന്റ്  പദവിയിലേക്ക് എത്തുകയും ( പഴയ ഒരു കുറിപ്പ് ഇവിടെ) പിന്നീട് 2011ല്‍ നടന്ന തിരഞ്ഞെടുപ്പിനെ നേരിട്ട്  ഭരണത്തിൽ  തുടരുകയും ചെയ്യുന്ന ഗുഡ് ലക്ക് ജോനഥനും (പീപ്പിൾസ് ഡമോക്രാറ്റിക് പാര്‍ട്ടി -PDP)  കഴിഞ്ഞ മൂന്ന് തവണയും പ്രധാന എതിരാളിയായി മത്സരിച്ച് പരാജയപ്പെട്ട മുഹമ്മദു ബുഹാരിയും (ഓള്‍ പ്രോഗ്രസ്സീവ് കോണ്‍ഗ്രസ് - APC) ഉൾപ്പെടെ 14 സ്ഥാനാർത്ഥികള്‍ ഇത്തവണ മത്സരരംഗത്തുണ്ട്.
(ഗുഡ് ലക്ക് ജോനഥൻ  ,  മുഹമ്മദു ബുഹാരി - ചിത്രങ്ങൾക്ക് കടപ്പാട് വിക്കി പീഡിയ )

മുസ്ലിം ക്രൈസ്തവ വേർതിരിവ് മുതലാക്കി വിജയരഥമേറാനുള്ള തന്ത്രമാണ് പ്രധാനമായും ഇവിടെ എല്ലാ രാഷ്ട്രീയ കക്ഷികളും (?) പയറ്റുന്നത്. മുന്‍ പ്രസിഡന്റുമാര്‍ ഒബസാഞ്ചോ (ക്രി), യാർദുവ (മു.) ജോനഥൻ (ക്രി.) അടുത്തത് ഇനി ഒരു മുസ്ലിം പക്ഷക്കാരന്റെ ഊഴമാണെന്നാണ് ഒരു കൂട്ടം പറയുന്നത്. പഴയ മിലിട്ടറി ഭരണാധികാരി കൂടിയായിരുന്ന ബുഹാരിയെ പക്ഷേ ഈ സ്ഥാനത്തേക്ക് ഇനിയും ആവശ്യമില്ല എന്ന് മറുപക്ഷം. ഇതിനിടയില്‍ രാജ്യമൊട്ടാകെ പ്രത്യേകിച്ച് വടക്കൻ പ്രവിശ്യകളില്‍ അരാജകത്വം നിറച്ച് കൊണ്ട് മുസ്ലിം പക്ഷമെന്ന് അവകാശപ്പെടുന്ന ബോക്കോ ഹറമിന്റെ ക്രൂരമായ വിധ്വംസക പ്രവർത്തനങ്ങളുടെ വാര്‍ത്തകളും; ചുരുക്കത്തില്‍ ശരിയായ രാഷ്ട്രീയ ദിശ വിട്ട് കേവല മതപ്രീണനത്തിലും ക്രിസ്ത്യന്‍ -മുസ്ലിം മേല്‍ക്കോയ്മയുള്ള പ്രവിശ്യകള്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരത്തിലും മലീമസമാണ് ഇത്തവണത്തെയും തിരഞ്ഞെടുപ്പ്.

2015 ഫെബ്രുവരി 14 നു നിശ്ചയിച്ചിരുന്ന ഇലക്ഷന്‍ 'ബോക്കോ ഹറമി'നെ ഒതുക്കാനെന്ന കാരണത്താൽ മാർച്ച് 28 ലേക്ക് മാറ്റിവെയ്ക്കപ്പെടുകയായിരുന്നു; അവര്‍ ഒതുങ്ങിയോ ഒതുക്കിയോ അതോ മറ്റെന്തെങ്കിലും ഒതുക്കപ്പെട്ടോ എന്നൊന്നും ആര്‍ക്കും അറിയില്ല; സാധാരണപെട്ടവര്‍ക്കോ എന്തിനു എന്റെ ഒപ്പം ജോലിയെടുക്കുന്ന അഭ്യസ്തവിദ്യരായവര്‍ക്കോ പോലും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒന്നും യാതൊരു താത്പര്യവുമില്ല. ഞാന്‍ സംസാരിച്ച ആരും തന്നെ ഇതുവരെ വോട്ട് ചെയ്യാന്‍ പോയിട്ടില്ല; ഇനി പോകുന്നുമില്ലത്രേ. അന്ന് വീടുകളിൽ തന്നെ ഒതുങ്ങാനാണ് മിക്കവർക്കും താത്പര്യം. എന്നാല്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചയിലും മറ്റും ഇവര്‍ രാഷ്ട്രീയം പറയുന്നത് കേട്ടാല്‍ വിപ്ലവം ഏതാണ്ട് പടിക്കല്‍ എത്തി നില്‍ക്കുന്നത് പോലെയുമാണ്.

ഇവിടെ പണിയെടുക്കുന്ന മിക്കവരുടെയും വോട്ട് അവരുടെ ജന്മ പ്രവിശ്യയില്‍ ആണ്; ഒരു പ്രാവശ്യം പോയി വരണമെങ്കില്‍ ചുരുങ്ങിയത് പതിനായിരം നൈറ എങ്കിലും കീശയില്‍ വേണം. സുതാര്യമെന്നൊക്കെ പറഞ്ഞ് കേൾക്കുണ്ടെങ്കിലും  മസിൽ -മണി പവറുകളുടെ  ശക്തി തെളിയിക്കല്‍ മത്സരമായിട്ടാണ് ഭൂരിഭാഗവും ഈ ഇലക്ഷനെയും കണക്കാക്കുന്നത്. വോട്ടര്‍ ഐ. ഡി. കാര്‍ഡ് മറിച്ച് കൊടുത്താല്‍ കിട്ടുന്ന ചില്ലറ കാശ് മാത്രമാണത്രേ സാധാരണക്കാരന് ഇത് കൊണ്ടുള്ള  ഒരേയൊരു നേട്ടം; ആളിവിടെ വീട്ടില്‍ ഇരുന്നാലും വോട്ട് അവിടെ വില്ലേജില്‍ ആരെങ്കിലും ചെയ്തോളും;..!

ഇവിടെ ഇലക്ഷന്‍ ദിനമെന്നാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച പോലെയാണ്. ആംബുലന്‍സ് , ഫയർ പോലുള്ള അവശ്യ സർവ്വീസ് ഒഴികെയുള്ള വാഹനങ്ങൾ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ നിരത്തിലിറങ്ങാന്‍ പാടില്ല. ഇത്തവണ ഒരു പടികൂടി കടന്ന് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ (25 മാര്‍ച്ച് ) രാജ്യത്തിന്റെ കര നാവിക വ്യോമ അതിര്‍ത്തികള്‍ എല്ലാം തന്നെ അടച്ചിരിക്കുകയാണ്. വിദേശ പത്രമാധ്യമങ്ങള്‍ക്ക് പോലും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതായി കേള്‍ക്കുന്നു. സ്വദേശ മാധ്യമങ്ങള്‍ പലതും ശരിയായ വാര്‍ത്തകള്‍ അല്ല റിപ്പോര്‍ർട്ട് ചെയ്യുന്നത് എന്ന് സോഷ്യല്‍  മീഡിയ സൈറ്റുകളില്‍ വരുന്ന പോസ്റ്റുകളില്‍ കാണാം.

ഭരിക്കുന്ന പാര്‍ട്ടി തോറ്റ ചരിത്രം നൈജീരിയയുടെ ജനാധിപത്യ നിഘണ്ടുവിൽ ഇതുവരെ ഇല്ല. ഇത് ഭരണ പാര്‍ട്ടിയുടെ നന്മ കൊണ്ടോ നേട്ടങ്ങളുടെ പട്ടികയിലെ ധാരാളിത്തം കൊണ്ടോ ആണെന്ന് ഇവിടുത്തെ കൂലി പണിക്കാരൻ പോലും വിശ്വസിക്കുന്നുമില്ല. ബോക്കൊ ഹറമിനെ കൊണ്ട് ഇപ്പോള്‍ തന്നെ ഭീതിയില്‍ കഴിയുന്ന ജനത്തിന് ബുഹാരി പാര്‍ട്ടി ജയിച്ചില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള അക്രമ സാധ്യതകളില്‍ കൂടുതല്‍ ഭയമുണ്ട്. മറിച്ചു ഭരണപാര്‍ട്ടി തോറ്റാല്‍ സംഭവിക്കാനിടയുള്ളത് ഒരു പക്ഷേ പുനര്‍ തിരഞ്ഞെടുപ്പ്  തന്നെയാകും. ഇതൊന്നും പോരാഞ്ഞ്  മറ്റൊരു മിലിട്ടറി ഭരണത്തിലേക്കും രാജ്യം പോയിക്കൂടാതെയില്ലന്നാണ് പലരും കരുതുന്നതും പറയുന്നതും.

മറ്റൊരിക്കലുമില്ലാത്ത വിധമുള്ള സുരക്ഷാ ക്രമീകരണങ്ങളും മറ്റുമാണ് വിദേശികള്‍ കൂടി പണിയെടുക്കുന്ന ഭൂരിഭാഗം കമ്പനികളും നടത്തിക്കൊണ്ടിരിക്കുന്നത്.  യാത്രാ നിയന്ത്രണങ്ങളും ജോലിസമയ ക്രമീകരണങ്ങളുമൊക്കെ ഇവിടെ സാധാരണ സംഭവം പോലെയായതിനാല്‍ ആര്‍ക്കും പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ലന്നു മാത്രം. എന്തായാലും ഈ  മാര്‍ച്ച് 28നുള്ള സുപ്രധാനമായ തിരഞ്ഞെടുപ്പിനും തുടര്‍ നടപടികള്‍ക്കുമായി കാത്തിരിക്കുന്നു; തീര്‍ച്ചയായും നൈജീരിയയുടെ ഭാവി ഇതില്‍ നിശ്ചയിക്കപ്പെടും ..!

No comments:

Post a Comment