Monday, June 13, 2016

പത്ത് വർഷം; നൈജീരിയ ഐ ലവ് യൂ..!


പാസ്പോർട്ടിൽ നൈജീരിയയുടെ പ്രവേശന മുദ്ര പതിഞ്ഞിട്ട് ഇന്ന് കൃത്യം പത്ത് വർഷം. അവധിദിനങ്ങളും മറ്റുമായി പലതവണകളായി ഇതിലേതാണ്ട് രണ്ട് വർഷത്തോളം നാട്ടിലായിരുന്നുവെന്ന് പറയാമെങ്കിലും നൈജീരിയൻ ജീവിതം ഒരുപാട് പഠിപ്പിച്ചു, സൗകര്യങ്ങൾ തന്നു, സൗഹൃദങ്ങൾ പടർന്ന് പന്തലിച്ചു.

ഒരു വർഷമെങ്കിലും ഇവിടെ നിന്നാൽ ഭവനനിർമ്മാണത്തിലേക്ക്  സ്വരുകൂട്ടിയ വായ്പകളും മറ്റും അടച്ചു തീരുമെന്നുള്ള ആശ്വാസത്തിലും  അഞ്ചുമാസം കഴിഞ്ഞ് നാട്ടിലേക്ക് ടിക്കറ്റ് കിട്ടുമെന്നൊരു പ്രലോഭനത്തിലും വലുതായൊന്നും കേട്ടിട്ടില്ലാത്ത ഒരു രാജ്യസഞ്ചാരത്തിനു വകയുണ്ടാവുമെന്ന പ്രതീക്ഷയിലും വന്നിറങ്ങിയതാണ്; വായ്പകൾ വേഗം അടഞ്ഞുതീർന്നു, ജീവിതം സാമ്പത്തികഭദ്രമായെന്നും കരുതുന്നു. അവധി ടിക്കറ്റുകളുടെ എണ്ണം  വർഷത്തിൽ അഞ്ച് തവണ വരെയായി. സുരക്ഷാകാരണങ്ങൾ കൊണ്ട് ഉൾപ്രദേശങ്ങളിലേക്കുള്ള സവാരികൾ ഒഴിച്ച് ബാക്കിയെല്ലാം പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് വളർന്നു; പത്ത് വർഷം കടന്ന് പോയത് അതിവേഗം!

സുരക്ഷാ ജാഗ്രത പ്രദേശമായാതിനാൽ മേൽസൂചിപ്പിച്ച പോലെ സഞ്ചാരമോഹം  പൂർണ്ണമായി സഫലമായില്ലെങ്കിൽ കൂടി കിട്ടിയ അവസരങ്ങൾ എല്ലാം ഉപയോഗപ്പെടുത്താനും ഒപ്പം തദ്ദേശീയരായ സഹപ്രവർത്തകരിലൂടെയും തൊഴിലാളികളിലൂടെയും വർഷങ്ങളായി ഇവിടെയുള്ള നമ്മുടെ വിദേശ സുഹൃത്തുകളിലൂടെയും  മറ്റും ഈ നാടിനെയും നാട്ടാരെയും അറിയാനും ശ്രമിച്ചു. ഇന്ത്യക്കാരോട് ഇന്നാട്ടുകാർക്കൊരു പ്രത്യേക മമതയും സ്നേഹവും ഉണ്ടന്ന് പലപ്പോഴും തിരിച്ചറിയപെട്ടിട്ടുണ്ട്; ഒരു പക്ഷേ വളരെ വർഷങ്ങൾക്ക് മുന്പ് തന്നെ ഇവിടെ ജോലിചെയ്തിരുന്ന അദ്ധ്യാപകരിൽ നമ്മുടെ നാട്ടുകാരും ഉൾപ്പെട്ടിരുന്നത് കൊണ്ടാവണമിത്.

ഈ നാട്ടിലെത്തിയതിന്റെ പുതുമയിലും ഒറ്റപെടലിലും ഏറെ ആശ്വാസകരമായത് അക്കാലത്തെ മലയാളം ബ്ലോഗർ കമ്യൂണിറ്റിയാണ്.  ഇന്നിവിടെ അനായാസം മലയാളം കുറിക്കാൻ കഴിയുന്നതിനും മറ്റും അന്നത്തെ 'ബൂലോക' ഇടപെടലുകൾക്കും സൗഹൃദങ്ങൾക്കും അതുല്യമായ പങ്കുണ്ട്. മലയാളം കമ്പ്യൂട്ടിംഗ് ചരിത്രത്തിൽ ഭാഗമായ ചിലരുമായെങ്കിലും ഇന്നും 'ഓൺലൈൻ' സൗഹൃദം തുടരാനാവുന്നത് എനിക്ക് സ്വകാര്യമായൊരു അഹങ്കാരം തന്നെയാണ്..!

സന്ദർശിക്കാൻ കഴിയാതിരുന്ന പ്രദേശങ്ങളിലേക്ക് മാത്രമായിട്ടെങ്കിലും ഒരിക്കൽ കൂടി ഇവിടേക്ക് വരണമെന്ന അതിയായ ആഗ്രഹത്തോടെയൊരു മടക്കയാത്രയ്ക്ക് സമയമായിരിക്കുന്നു. തന്നതിനെല്ലാം നന്ദി ചൊല്ലി ഈ നാടിനോടും  ഇവിടുത്തെ സൗഹൃദങ്ങളോടും താൽക്കാലികമായെങ്കിലും വിടപറയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; അതേ, കൗണ്ട് ഡൌൺ തുടങ്ങികഴിഞ്ഞു..!!

പലകാരണങ്ങളാൽ ഇവിടെ കുറിക്കാൻ കഴിയാതിരുന്ന ഒരുപാട് വിഷയങ്ങളുണ്ട്; അത് കൊണ്ടു തന്നെ 'നൈജീരിയ വിശേഷങ്ങളുടെ' പത്താം വാർഷികമായ ഈ വരുന്ന സെപ്റ്റംബർ പത്ത് വരെയെങ്കിലും  'വിശേഷങ്ങൾ' തുടരും..!

1/20